Wednesday, 15 April 2020

ശ്രാദ്ധം

ദൂരെയേതൊ വരാന്തയിൽ തൂങ്ങിയാടുന്ന ഒരു റാന്തൽ വെളിച്ചം കൺമുന്നിലേക്കു വന്നുകൊണ്ടിരിന്നു. ഞാൻ നഷ്ടപ്പെട്ടുപോകുന്ന ഉറക്കം തിരിച്ചുപിടിക്കാൻ തിരിഞ്ഞും മറിഞ്ഞും കിണഞ്ഞു ശ്രമിച്ചു. ഒടുവിൽ പരാജിതനായെന്റെ കൺപോളകൾ തുറന്നു.

അത്ര പരിജിതമല്ലാത്ത, ഏതോ ഒരു വിജനമായ സ്ഥലത്താണു ഞാൻ കിടക്കുന്നതെന്ന് മനസ്സിലായി. ഇതിനു മുൻപ എന്താണു സംഭവിച്ചതെന്നോ, എങ്ങിനെയാണിവിടെ എത്തിയതെന്നോ ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ല. പക്ഷെ, കൺ തുറന്നപ്പോൾ കാണുന്ന ആകാശ നീ‍ലിമയും, അതിലൂടെ ഒഴുകി നടക്കുന്ന മേഘ പടലങ്ങളും കണ്ണിനു നന്നേ കുളിർമയേകാൻ തുടങ്ങിയിരിക്കുന്നു. വയലേലകളേയും മാമ്പൂക്കളേയും തഴുകിവരുന്ന ഒരു തണുത്തകാറ്റ്, അതിന്റെ ഗന്ധം, മനസ്സിനെ ശാന്തമാക്കാൻ പ്രാപ്തിയുള്ളതായിരുന്നു. നനവുള്ള മണ്ണിൽ കൈകുത്തി ഞാൻ മെല്ലെ എണീറ്റു. എങ്ങും വിജനതയാണ്....

അവളേയും മോളെയും കാണാൻ മനസ്സുവല്ലാതെ വെമ്പുന്നുണ്ട്. അവരെ കൺനിറയെക്കാണാനുള്ള കൊതി എന്റെ കാല്പാടുകളെ വേഗത്തിൽ പിന്നിലാക്കിക്കൊണ്ടിരുന്നു. എപ്പൊ വൈകിവന്നാലും, എത്ര വൈകി വന്നാലും എന്നെ കാത്ത് ഉമ്മറപ്പടിയിൽ അവളുണ്ടാകും എന്റെ കുട്ടിപ്പാവാടക്കാരി കാർത്തു. ഒരു കയ്യിൽ മണിക്കുട്ടിയും. കഴിഞ്ഞകൊല്ലത്തെ കാവിലെ വേലയ്ക്കു മേടിച്ചുകൊടുത്തതാണ് ആ മഞ്ഞക്കുപ്പായക്കാരി സുന്ദരിപ്പാവ. അതിനു പേരിട്ടതും, കണ്ണെഴുതിപ്പിക്കുന്നതും, മുടി ചീകിമിനുക്കുന്നതും കാർത്തുവിന്റെ ദിനചര്യയാണ്. ഒരുകയ്യിൽ മണിക്കുട്ടിയും, മറുകയ്യിൽ എന്റെ വിരലും പിടിച്ചു ഉമ്മറത്തുനിന്നു അകത്തേക്കു കയറുമ്പോൾ പറയാൻ ഒരുപാടു വിശേഷമുണ്ടാവും എന്റെ കാർത്തുവിന്. അമ്മ കുശുമ്പ് കാണിച്ചതും,മണിക്കുട്ടിക്ക് പുതിയ ഉടുപ്പ് തുന്ന്ന്നതും, വിശേഷങ്ങളും പരാതികളും ആവശ്യങ്ങളും അങ്ങിനെ നീണ്ട് നീണ്ട് പോകും. എല്ലാം ഓർത്തു സന്തോഷത്താലുള്ള ഒരു ചെറുപുഞ്ചിരിയോടെ ഞാൻ വീട്ടിലേക്കു നടന്നു.

കാലിലെ ചെരുപ്പെവിടെയെന്നോർമയില്ല. നനഞ്ഞ മണ്ണിന്റെ തണുപ്പ് പതിയെ കാലിലൂടെ ഇരച്ചുകയറാൻ തുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും മനസ്സിന്റേയും ശരീരത്തിന്റേയും ഭാരം കുറഞ്ഞപോലെ. കഴിഞ്ഞകാല ഓർമകളെല്ലാം പതിവില്ലാതെ കണ്മുന്നിൽ ഒരു തിരശീലയിലെന്നപോലെ വന്നു പോവുന്നുണ്ട്. ഒരുപാട് ദൂരം സഞ്ചരിച്ച പ്രതീതിയുമായ് ഞാൻ വീടിനടുത്തെത്തി. നടന്നുവരുന്ന വഴിയേ ശ്രദ്ധിച്ചതാണ് എങ്ങും ഒരു മൂകത. പിന്നിട്ട വഴികളും, വഴിമരങ്ങളും, എന്തിനേറെ, പൂക്കൾ പോലും ശോകം വിളിച്ചോതുന്നു. നെഞ്ചിൽ ഒരു പിടപിടപ്പോടെ വീടിനുമുന്നിൽ നിന്നു. മഴത്തുള്ളികൾ ചിതറിത്തെറിച്ച മുറ്റത്തെ മണ്ണിൽ ഒരുപാടു കാൽപ്പാടുകൾ കാണാം. സന്ധ്യാ ദീപത്തിനൊപ്പം വെയ്ക്കാറുള്ള ചന്ദനത്തിരി ഗന്ധം അവിടമാകെ തളംകെട്ടി നിൽക്കുന്നു. ഹ്യദയമിടിപ്പു കൂടിക്കൂടി വന്നു. എന്റെ കൈവിരൽ പിടിക്കാൻ കാത്തുനിക്കുന്ന കാർത്തുവില്ല ഉമ്മറത്ത്. അവളുടെ ചിരിയില്ല. “കാർത്തൂ, അച്ഛനിപ്പോൾ വരും എന്റെ കുട്ടി അകത്തേയ്ക്ക് പോരൂ” എന്നു പറയുന്ന എന്റെ ഭാര്യ എവിടെ?

തെല്ലുഭയത്തോടു കൂടിയാണു ഞാൻ അകത്തേയ്ക്കു കാൽവെച്ചത്. പതിവില്ലാത്ത ഒരു ഇരുട്ട് വീടിനെ ആകെ മൂടിയിരിക്കുന്നു. പേടിച്ചിരണ്ട മനസ്സുമായി അകത്തെമുറിയിലേക്ക് ഞൻ എത്തിനോക്കി. സന്തോഷംകൊണ്ടെന്റെ മനവും കണ്ണും നിറഞ്ഞു. എന്റെ ജീവനും ജീവന്റെ ജീവനും ഇവിടിരിപ്പുണ്ട്, എന്റെ മുന്നിൽ. കാർത്തൂ ജനാലയിലൂടെ ദൂരേക്കു നോക്കിനിൽപ്പാണ്. എന്നിട്ടും എന്തെ എന്റെ കൈവിരൽ പിടിക്കാൻ വന്നില്ല? ഇനി ദേഷ്യാ? തിരിച്ചുവരുമ്പൊ എന്തേലും കൊണ്ടരാന്നു ഞാ‍ൻ വാക്കുകൊടുത്തായിരുന്നൊ? ഇല്ല. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി എന്റെ ഭാര്യയും ഇരിപ്പുണ്ട്. ഇവർക്കിതെന്തുപറ്റി? ഞാൻ അവളുടെ അടുത്ത് ചെന്നുവിളിച്ചു. എന്നെ നോക്കുന്നില്ല, എന്റെ ശബ്ദം ശ്രവിക്കുന്നില്ല. “മോളെ കാർത്തൂ, ദേ അച്ഛൻ വന്നു”. അവളും ദേഷ്യത്തിലാണെന്നു തോന്നുന്നു.. എന്നെ നോക്കുന്നതെയില്ല. പുറത്തേക്കു നോക്കിനിൽപ്പാണ്. പുറത്തു മഴ ആർത്തിരമ്പി പെയ്യാൻ തുടങ്ങി, എന്റെ നെഞ്ചിലെ സങ്കടവും. ഞാൻ നോക്കിനിൽക്കെ തുരുമ്പുപിടിച്ച ജനലഴികളിൽ നിന്നു കൈവിടാതെ കാത്തു എന്നെ തിരിഞ്ഞു നോക്കി, നിറകണ്ണുകളോടെ ഞാനവളെനോക്കി ചിരിച്ചു. ഭാവമാറ്റമില്ലാതെ അവളെന്നിൽ നിന്നും കണ്ണെടുത്ത് അമ്മയെ നോക്കി. എന്നിട്ട് ചെറിയ ഒരു വിതുമ്പലോടെ ചോദിച്ചു, “ഇന്നാണൊ അമ്മെ മോളുവെച്ച ചോറുരുളയുണ്ണാൻ അച്ഛൻ കാക്കയായിവരുന്നത്?”
ഒരു നിമിഷത്തേക്ക് എന്റെ കണ്ണുകളിലേക്കിരുട്ട് കയറി, നിശബ്ദനായി. പിന്നെ അത്യുച്ചത്തിൽ ഞാൻ നിലവിളിച്ചുരണ്ടുപേരെയും മാറി മാറി ഞാൻ വിളിക്കുന്നുണ്ടായിരുന്നു, വാരിപ്പുണരുന്നുണ്ടായിരുന്നു.. എന്നിട്ടും രണ്ടുപേരും നിറകണ്ണുകളോടെ, എന്നെ ഒരു നോക്കുനോക്കാതെ ദൂരേക്കു നോക്കിയിരിക്കുകയായിരുന്നു.

Jithu.

5 comments:

  1. Wow...The Hidden Talent.. Awesome..

    ReplyDelete
  2. Voracious reader you are!!, Awesomely written. Hatts of to you

    ReplyDelete
  3. Voracious reader you are!!, Awesomely written. Hatts of to you

    ReplyDelete
  4. Hey Jithu, that was a nice one. Keep exploring your talents

    ReplyDelete